ചെന്നൈ ∙ ലോക ചെസ് ചാംപ്യനാവുകയെന്നതു ചെറിയ പ്രായത്തിൽ തന്നെയുള്ള സ്വപ്നമായിരുന്നെന്നും ഇതു പുതിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണെന്നും ഡി. ഗുകേഷ്. ഗുകേഷ് സംസാരിക്കുന്നു…
ലോകചാംപ്യനായ നിമിഷത്തെക്കുറിച്ചു പറയാമോ?
തീർത്തും വൈകാരികമായ നിമിഷമായിരുന്നു അത്. എന്റെ ചെറുപ്രായം മുതലുള്ള സ്വപ്നമാണു സാക്ഷാത്കരിച്ചത്. 14–ാം ഗെയിമിൽ എനിക്ക് അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ സാഹചര്യങ്ങളുണ്ടായി. ഞാൻ ടൈബ്രേക്കറിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയ സമയത്താണ് പ്രതീക്ഷിക്കാതെ വിജയം വന്നത്. മൽസരം തീർന്നെന്നും ഞാൻ വിജയിച്ചെന്നും തിരിച്ചറിഞ്ഞ നിമിഷത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
ലോക ചെസ് ചാംപ്യൻഷിപ്പിലെ മത്സരങ്ങളെ വിലയിരുത്തിയാൽ..?
അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുമെന്നുറപ്പിച്ചാണ് ലോകചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. അതിനായി തയാറെടുത്തിരുന്നു. ഡിങ് ലിറനുമായുള്ള ആദ്യ ഗെയിമിൽ എനിക്ക് അൽപം പരിഭ്രമമുണ്ടായിരുന്നു. അതിനാൽ ആ ഗെയിമിൽ നന്നായി കളിക്കാനായില്ല. ആദ്യ ഗെയിം തോറ്റെങ്കിലും മൂന്നാം ഗെയിമിൽ ജയിക്കാൻ കഴിഞ്ഞതോടെ എനിക്ക് ആത്മവിശ്വാസമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ടൈബ്രേക്കറിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നോ..?
ചാംപ്യൻഷിപ്പിന്റെ തുടക്കത്തിൽ ടൈബ്രേക്കറിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല. എന്നാൽ, അവസാന 3 ഗെയിം ശേഷിക്കേ മൽസരം ടൈ ബ്രേക്കറിലേക്കു പോയേക്കുമെന്ന് എനിക്കു തോന്നി. എന്നാൽ ടൈ ബ്രേക്കറിനെ പേടിച്ചിരുന്നില്ല.
പുതിയ തലമുറ ചെസ് കളിക്കാർക്കു നൽകാനുള്ള ഉപദേശം..?
ആസ്വദിച്ചു ചെസ് കളിക്കാൻ തുടങ്ങിയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ചെസ് ഒരു മനോഹര ഗെയിമാണ്. ഓരോ നീക്കങ്ങളെക്കുറിച്ചും ആകാംക്ഷയുണ്ടാകണം. നമുക്ക് സ്വയം ആസ്വദിക്കാൻ കഴിയാതെ എന്തു ചെയ്താലും അതിൽ കാര്യമില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്.
അടുത്ത ലക്ഷ്യം എന്താണ്..?
എറ്റവും മികച്ച ചെസ് കളിക്കാരനായിരിക്കുക എന്നതാണ് എപ്പോഴും എന്റെ മുന്നിലുള്ള ലക്ഷ്യം. ലോക ചാംപ്യൻപട്ടമായിരുന്നു ആദ്യത്തെ സ്വപ്നം. അതു നേടി. ഇനിയും മുന്നോട്ടു പോകണം. മാഗ്നസ് കാൾസനെപ്പോലുള്ളവർ എന്നെ ഇപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ എനിക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്.