കൊച്ചി∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും നവംബറിൽ കൊച്ചിയിലെത്തും. നവംബർ മൂന്നാം വാരത്തിൽ കേരളത്തിൽ രണ്ടു സൗഹൃദ മത്സരം നടത്താനാണ് സർക്കാർ ആലോചന. ഇവ കൊച്ചിയിൽ വച്ച് നടത്താനാണ് പ്രാഥമിക തീരുമാനം. തുടക്കത്തിൽ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നെങ്കിലും കളിക്കാർക്കും വിവിഐപികൾക്കും ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കാൻ കൊച്ചിയാണ് ഏറ്റവും അനുയോജ്യം എന്നതിനാലാണ് ഈ തീരുമാനം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ചുകളും ഫുട്ബോൾ മത്സരങ്ങൾക്ക് തടസ്സമാണ്.ക്രിക്കറ്റ് മത്സരങ്ങൾക്കു മാത്രമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാട്ടത്തിനെടുത്ത് പരിപാലിക്കുന്ന സംസ്ഥാനത്തെ ഏക രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കാര്യവട്ടത്തേത്.

മറ്റൊരു രാജ്യാന്തര ടീം കൂടി മത്സരത്തിൽ പങ്കെടുത്താൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കേരളത്തിലെ രാജ്യാന്തര നിലവാരമുള്ള ഏക ഫുട്ബോൾ ഗ്രൗണ്ടാണ്. 2017ൽ ഫിഫ പുരുഷ അണ്ടർ 17 ലോകകപ്പിന് വേദിയായത് ഈ സ്റ്റേഡിയമായിരുന്നു.
നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഓഗസ്റ്റ് 23നാണ് അർജന്റീന ഫുട്ബോൾ ടീം കേരളം സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ചത്. ലോകകപ്പ് ചാംപ്യൻമാരായ ടീം നവംബർ പത്തിനും 18നും ഇടയിൽ കേരളത്തിലും അംഗോളയിലെ ലുവാണ്ടയിലുമായി 2 സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാനും അർജന്റീന ടീമിന്റെ വരവു സ്ഥിരീകരിച്ചു.

ഒക്ടോബർ 6നും 14നും ഇടയിൽ യുഎസിൽ സൗഹൃദ മത്സരം കളിക്കുന്ന അർജന്റീന ടീമിന്റെ നവംബറിലെ രണ്ടാം പര്യടനത്തിലാണു കേരളവും ഇടംപിടിച്ചത്. അംഗോളയിലും കേരളത്തിലും നടക്കുന്ന മത്സരങ്ങളുടെ എതിരാളിയെ നിശ്ചയിച്ചിട്ടില്ലെന്നും എഎഫ്എ വ്യക്തമാക്കി. ഫിഫ റാങ്കിങ്ങിൽ ആദ്യ അൻപതിനുള്ളിലെ ടീമിനെ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളിയായി കൊണ്ടുവരുമെന്നും ഓസ്ട്രേലിയൻ ടീം താൽപര്യമറിയിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി അബ്ദുറഹിമാൻ പറയുന്നത്.
കേരളത്തിലെത്തുന്ന അർജന്റീന ടീമിൽ സൂപ്പർതാരം ലയണൽ മെസ്സി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ എത്തുമെന്നായിരുന്നു കായിക മന്ത്രിയും സ്പോൺസറും നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അർജന്റീന ടീം ഒക്ടോബറിൽ എത്തില്ലെന്നു മന്ത്രി തന്നെ പിന്നീട് വ്യക്തമാക്കിയതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു.

