ഇന്‍ഡോര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും നിരാശ. മധ്യപ്രദേശിനെതിരെ കൂറ്റൻ സ്കോർ നേടിയിട്ടും മത്സരം സമനിലയിൽ കലാശിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയ കേരളത്തിനെതിരെ കഷ്ടിച്ച് തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ മധ്യപ്രദേശ്.

വിജയലക്ഷ്യമായ 404 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് എട്ട് വിക്കറ്റിന് 167 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു.നേരത്തെ അഞ്ച് വിക്കറ്റിന് 314 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവില്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചപ്പോള്‍ മധ്യപ്രദേശ് ഒരു പോയിന്റ് നേടി.
മൂന്ന് വിക്കറ്റിന് 226 റണ്‍സെന്ന നിലയിലാണ് അവസാന ദിവസം കേരളം ബാറ്റിങ് തുടങ്ങിയത്. കളി തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സച്ചിന് ബേബിയും ബാബ അപരാജിത്തും സെഞ്ച്വറി പൂര്‍ത്തിയാക്കി. സെഞ്ച്വറി നേടി അധികം വൈകാതെ ബാബ അപരാജിത് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. 149 പന്തുകളില്‍ 11 ഫോറും മൂന്ന് സിക്സുമടക്കം 105 റണ്‍സായിരുന്നു അപരാജിത് നേടിയത്. തുടര്‍ന്നെത്തിയ അഹ്മദ് ഇമ്രാനും അഭിജിത് പ്രവീണും ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് സ്കോറിങ് വേഗത്തിലാക്കി. അഹ്മദ് ഇമ്രാന് 22 പന്തുകളില്‍ നിന്ന് 24 റണ്‍സും അഭിജിത് പ്രവീണ്‍ ഏഴ് പന്തുകളില്‍ 11 റണ്‍സും നേടി മടങ്ങി. അഞ്ച് വിക്കറ്റിന് 314 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. സച്ചിന് ബേബി 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ആദ്യ ഓവറില്‍ തന്നെ ഹര്‍ഷ് ഗാവ്ലിയുടെ വിക്കറ്റ് നഷ്ടമായി.ശ്രീഹരി എസ് നായരുടെ പന്തില്‍ കൃഷ്ണപ്രസാദ് ക്യാച്ചെടുത്താണ് ഹര്‍ഷ് മടങ്ങിയത്. തുടര്‍ന്ന് യഷ് ദുബെ, ഹിമന്‍ശു മന്ത്രി, ഹര്‍പ്രീത് സിങ് എന്നിവരെയും പുറത്താക്കി ശ്രീഹരി മധ്യപ്രദേശിന്റെ മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. യഷ് ദുബെ 19ഉം ഹിമന്‍ശു മന്ത്രി 26ഉം ഹര്‍പ്രീത് സിങ് 13ഉം റണ്‍സാണ് നേടിയത്. 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭം ശര്‍മ്മ റണ്ണൗട്ടായി. ചെറുത്തുനില്പിനൊടുവില് 31 റണ്‍സെടുത്ത സാരാന്‍ഷ് ജെയിനും പുറത്തായതോടെ വിജയപ്രതീക്ഷയിലായിരുന്നു കേരളം. എന്നാല്‍ ആര്യന് പാണ്ഡെയും കുമാര്‍ കാര്‍ത്തികേയയും ചേര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തിരിച്ചടിയായി. ഇരുവരും ചേര്‍ന്നുള്ള അപരാജിതമായ 41 റണ്‍സ് കൂട്ടുകെട്ടാണ്മധ്യപ്രദേശിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ആര്യന് പാണ്ഡെ 23ഉം കുമാര്‍ കാര്‍ത്തികേയ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ശ്രീഹരി എസ് നായര്‍ നാലും ഏദന്‍ ആപ്പിള്‍ ടോം രണ്ടും എം ഡി നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.

