തിരുവനന്തപുരം:കേരള സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് ഗംഭീര തുടക്കം. 67ാം സ്കൂൾ കായിക മേളയ്ക്കാണ് തുടക്കമായത്. മത്സരങ്ങൾ നാളെ മുതൽ തുടങ്ങും. ഇനി എട്ട് നാൾ തലസ്ഥാനത്തിന് കായിക ആവേശം പകരും. മന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു.

അഭിമാനകരമായ ചടങ്ങാണിതെന്നും ഒളിമ്പിക്സ് മാതൃകയില്‍ കായിക മേള നടത്തുന്ന സംസ്ഥാനം വേറെ ഉണ്ടാകില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ലോകത്ത് തന്നെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയില്‍ നിരവധി അടിസ്ഥാന സൗകര്യവികസനങ്ങൾ സംസ്ഥാനം നടപ്പിലാക്കുന്നുണ്ട്. മേളയുടെ വലിയ പ്രത്യേകത ഇന്‍ക്ലൂസീവ് ആണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് കേവലം ഒരു മത്സരമല്ലെന്നും സാംസ്കാരിക സംഗമം ആണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും തുല്യഅവസരം എന്നതാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സിലൂടെ ഉദ്ദേശിക്കുന്നത്. നാളത്തെ ഒളിമ്പ്യന്മാരെ വാര്‍ത്തെടുക്കാനുള്ള കളരിയാണിതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നു മേള ഉദ്ഘാടനം ചെയ്യേണ്ടതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കൊച്ചിയിൽ നിന്ന് ആകാശ മാർഗം വരാൻ സാധിക്കാത്തതിനാൽ ധനമന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇത് രണ്ടാം തവണയാണ് സ്കൂൾ ഒളിമ്പിക്സ് നടത്തുന്നത്. ഈ വർഷം ഓവറോൾ ചാമ്പ്യന്മാരാകുന്നവർക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പുമുണ്ട്.

