ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനം നടത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപ് ദുബായിലെ സാഹചര്യങ്ങളെക്കുറിച്ച് പൂർണമായി മനസ്സിലാക്കാനാണു പാക്കിസ്ഥാൻ ടീമിന്റെ ശ്രമം. ദുബായില്‍ ബംഗ്ലദേശിനെ തോൽപിച്ച് ഇറങ്ങുന്ന ഇന്ത്യ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെയും കീഴടക്കിയാൽ അനായാസം അടുത്ത റൗണ്ടിലേക്കു മുന്നേറും.
ആദ്യത്തെ കളിയില്‍ പാക്കിസ്ഥാൻ ന്യൂസീലൻഡിനോടു വൻ തോൽവി വഴങ്ങിയിരുന്നു. ഇന്ത്യയോടും തോറ്റാൽ പാക്കിസ്ഥാന്റെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ ദുബായിലെ പിച്ചിനെക്കുറിച്ച് നന്നായി അറിയുന്ന മുൻ ക്രിക്കറ്റ് താരം മുദാസർ നാസറിനെ പാക്കിസ്ഥാൻ ടീമിനൊപ്പം ചേർത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കോച്ചിനു കീഴിലായിരുന്നു പാക്കിസ്ഥാന്റെ പരിശീലനം. നേരത്തേ പാക്കിസ്ഥാന്റെ ഹെഡ് കോച്ചായിരുന്ന നാസർ, കെനിയ, യുഎഇ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
ദുബായിലെ ഗ്ലോബൽ ക്രിക്കറ്റ് അക്കാദമിയിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ സിലക്ടറായും നാസർ പ്രവർത്തിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ പാക്കിസ്ഥാന്റെ പരിശീലന സെഷനുകളിൽ പുതിയ കോച്ചും താരങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുന്നോടിയായി മണിക്കൂറുകളോളം മുഹമ്മദ് റിസ്വാനും പാക്ക് താരങ്ങളും നെറ്റ്സിൽ പരിശീലിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
