മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാനാവില്ലെന്ന ബംഗ്ലാദേശ് സർക്കാരിന്റെ നിലപാടിനെത്തുടർന്നാണ് ഐസിസിയുടെ ഈ കർശന നടപടി. ബംഗ്ലാദേശിന് പകരക്കാരായി സ്കോട്ട്ലൻഡ് ടീമിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിരുന്ന തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു.
ഇതിനെത്തുടർന്ന് നൽകിയ 24 മണിക്കൂർ അന്ത്യശാസനം അവസാനിച്ചതോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗികമായി ബംഗ്ലാദേശിനെ ഒഴിവാക്കിയ വിവരം ഐസിസി അറിയിച്ചത്.

ഐസിസി ബോർഡ് യോഗത്തിൽ പാകിസ്ഥാൻ മാത്രമാണ് ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണച്ചത്. ടൂർണമെന്റിനോട് അടുത്ത സമയത്ത് ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നും, വ്യക്തമായ സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങൾ മാറ്റുന്നത് ഭാവിയിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ മറ്റുള്ളവർക്കും പ്രേരണയാകുമെന്നും ഐസിസി വ്യക്തമാക്കി.

