സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ ആശ്വാസ ജയം. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ ഉജ്വല സെഞ്ച്വറിയുടെയും വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെയും കരുത്തിലാണ് ജയം പിടിച്ചെടുത്തത്.

രോഹിത് ശര്‍മ 125 പന്തില്‍ 121 റണ്‍സുമായും വിരാട് കോലി 81 പന്തില്‍ 74 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (24 റണ്‍സ്) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 46.4 ഓവറില്‍ 236ന് ഓള് ഔട്ടായി. 237 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38.3 ഓവറില്‍ ലക്ഷ്യം കാണുകയുമായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 169 പന്തില്‍ നിന്ന് രോഹിത്തും കോലിയും ചേര്‍ന്ന് 168 റണ്‍സ് നേടി. ആദ്യ വിക്കറ്റില്‍ രോഹിത്തും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 69 റണ്‍സാണ് ചേര്‍ത്തത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി മാറ്റ് റെന്‍ഷോ (56), മിച്ചല്‍ മാര്‍ഷ് (41), മാത്യു ഷോര്‍ട്ട് (30), ട്രാവിസ് ഹെഡ്(29), അലക്സ് കാരി (24), കൂപ്പര്‍ കൊന്നോളി (23) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഇന്ത്യയ്ക്കുവേണ്ടി ഹര്‍ഷിത് റാണ നാലും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. രോഹിത് ശര്‍മയാണ് കളിയിലെയും പരമ്പരയിലെയും താരം.
