ധക്കുവഖാന (അസം): സന്തോഷ് ട്രോഫി ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒഡിഷയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളം വിജയവഴിയിൽ തിരിച്ചെത്തി. സോളോ ഗോളിലൂടെ ഷിജിൻ ടി ആണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ ആധിപത്യം ഉറപ്പിച്ചു.

ആദ്യ പകുതിയിൽ ലഭിച്ച ലീഡ് നിലനിർത്താൻ രണ്ടാം പകുതിയിൽ കേരളം ശക്തമായ പ്രതിരോധമാണ് കാഴ്ചവെച്ചത്. സമനിലയ്ക്കായി ഒഡിഷ പരിശ്രമിച്ചെങ്കിലും കേരളത്തിന്റെ ഗോൾകീപ്പർ ഹജ്മലും പ്രതിരോധ നിരയും ഉറച്ചുനിന്നതോടെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇടയ്ക്ക് ലഭിച്ച പ്രത്യാക്രമണങ്ങളിലൂടെ ലീഡ് ഉയർത്താൻ കേരളത്തിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ താരങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
ധക്കുവഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 22-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ വിജയഗോൾ പിറന്നത്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി കുതിച്ച ഷിജിൻ രണ്ട് ഒഡിഷ പ്രതിരോധ താരങ്ങളെ വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ഷിജിന്റെ വ്യക്തിഗത മികവ് എന്താണെന്ന് വ്യക്തമാക്കുന്നത് ആയിരുന്നു ഈ ഗോൾ.

ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ റെയിൽവേസിനോട് സമനില വഴങ്ങുകയും ചെയ്ത കേരളത്തിന് സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഈ വിജയം ആവശ്യമായിരുന്നു. കേരളത്തിന്റെ അടുത്ത മത്സരം മേഘാലയക്കെതിരെയാണ്.

