മഡ്ഗാവ് ∙ ഫിഡെ ചെസ് ലോകകപ്പ് ഒക്ടോബർ 31 മുതൽ നവംബർ 27 വരെ ഗോവയിൽ നടക്കും. നിലവിലെ ലോകകപ്പ് ജേതാവ് ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ, ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷ്, മുൻ ലോകചാംപ്യൻ വിശ്വനാഥൻ ആനന്ദ് തുടങ്ങിയവരെല്ലാം ലോകകപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയവരാണ്.

2023ൽ ഇതിനു മുൻപു നടന്ന ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയെ തോൽപിച്ചായിരുന്നു കാൾസൻ ജേതാവായത്.
8 റൗണ്ടുകളിലായി നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. ഓരോ റൗണ്ടിലും 2 ക്ലാസിക്കൽ ഗെയിമുകളും സ്കോർ തുല്യമായാൽ വിജയിയെ കണ്ടെത്താൻ റാപിഡ്, ബ്ലിറ്റ്സ് ടൈബ്രേക്കറുകളുമാണുള്ളത്.

ആദ്യ 50 സീഡുകളിലുള്ള താരങ്ങൾക്കു രണ്ടാം റൗണ്ടിലേക്കു നേരിട്ടു പ്രവേശനം ലഭിക്കും. ആകെ 206 ചെസ് താരങ്ങളാണ് ചെസ് ലോകകപ്പിനു യോഗ്യത നേടിയിട്ടുള്ളത്.

