തിരുവനന്തപുരം:സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 1,557 പോയിന്റുമായി അനന്തപുരി കുതിക്കുകയാണ്. രണ്ടാമതുള്ള തൃശൂരിന് 740 പോയിന്റാണുള്ളത്. 668 പോയിന്റുമായി പാലക്കാട് ആണ് മൂന്നാമത്.

അത്ലറ്റിക്സില് പാലക്കാടിന്റെ ആധിപത്യം തുടരുകയാണ്. 161 പോയിന്റ് ആണ് പാലക്കാടിനുള്ളത്. 149 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. അത്ലറ്റിക്സില് പാലക്കാട്- മലപ്പുറം പോരാണ് നടക്കുന്നത്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇന്നലെയും ആവേശ പോരാട്ടമായിരുന്നു. 400 മീറ്റര്‍ ഹർഡില്‍സും 800 മീറ്റര്‍ ഫൈനലുമാണ് അത്ലറ്റിക് വിഭാഗത്തില്‍ പ്രധാനമായും അരങ്ങേറിയത്. അത്ലറ്റിക് വിഭാഗത്തോടൊപ്പം തന്നെ മറ്റു മത്സരങ്ങളായ കളരി, ഫെന്‍സിങ്, ഗുസ്തി ,വെയിറ്റ് ലിഫ്റ്റിങ് എന്നീ മത്സരങ്ങളും നടന്നു.

ഇതോടൊപ്പം അത്ലറ്റിക് വിഭാഗത്തിലെ തന്നെ ഹീറ്റ്സുകളും പൂര്‍ത്തിയായി. ഹർഡില്‍സ് സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ തിരുവനന്തപുരം ജി വി രാജയിലെ മുഹമദ് മൂസ സ്വര്‍ണം നേടി. ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ജിവി രാജയിലെ തന്നെ ശ്രീഹരി കരിക്കന്‍ സ്വര്‍ണവും റെക്കോര്‍ഡും ലഭിച്ചു. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ തിരുവനന്തപുരത്തിന്റെ ശ്രീനന്ദയും സ്വര്‍ണ്ണം കരസ്ഥമാക്കി.

