തിരുവനന്തപുരം: ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ ഇന്ത്യയുടെ തുടരെയുള്ള മൂന്ന് ടി20 വിജയങ്ങള്‍ക്കു പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു നേട്ടം. വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത് കൗറിനു സ്വന്തം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടത്തിലെത്തിയത്.

130 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഹര്‍മന്‍പ്രീതിന്റെ 77ാം വിജയമാണിത്. 48 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞു. 5 മത്സരങ്ങളില്‍ ഫലമില്ല. 58.46 ആണ് വിജയ ശതമാനം.
ഓസ്ട്രേലിയന്‍ ഇതിഹാസ ക്യാപ്റ്റന്‍ മെഗ് ലാന്നിങിന്റെ റെക്കോര്‍ഡാണ് ഹര്മന് പിന്തള്ളിയത്. 76 വിജയങ്ങളാണ് മെഗ് ലാന്നിങിനു ക്യാപ്റ്റനെന്ന നിലയിലുള്ളത്. 100 മത്സരങ്ങളില്‍ നിന്നാണ് മെഗ് ലാന്നിങ് 76 വിജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്.

18 കളികളില്‍ മാത്രമാണ് ടീം തോറ്റത്. ഒരു ടൈ. അഞ്ച് ഫലമില്ലാത്ത മത്സരങ്ങളും മെഗ് ലാന്നിങിന്റെ അക്കൗണ്ടിലുണ്ട്. വിജയ ശതമാനത്തില്‍ ഹര്‍മന്‍പ്രീതിനേക്കാള്‍ മുന്നില്‍ മെഗ് ലാന്നിങാണ്.

വനിതാ ടി20യിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളായാണ് മെഗ് ലാന്നിങിനെ കണക്കാക്കുന്നത്. 4 തവണ ഓസീസ് ടീമിനെ ടി20 ലോകകപ്പ് വിജയത്തിലേക്കും ലാന്നിങ് നയിച്ചിട്ടുണ്ട്.
