തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎൽ) ഏറ്റവും വലിയ ടീം സ്കോർ പിറന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 33 റൺസിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കീഴടക്കി. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കാലിക്കറ്റ് അടിച്ചുകൂട്ടിയ 249 റൺസ് പിന്തുടർന്ന കൊച്ചിയുടെ പോരാട്ടം 19 ഓവറിൽ 216 റൺസിൽ അവസാനിച്ചു.

പനിമൂലം സഞ്ജു സാംസൺ കളിക്കാതിരുന്നത് കൊച്ചിക്കു തിരിച്ചടിയായി. 43 ബോളിൽ 8 സിക്സും 6 ഫോറുമായി 94 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ എസ്.കുന്നുമ്മലാണ് കാലിക്കറ്റിന്റെ ബാറ്റിങ് നയിച്ചതെങ്കിൽ 19 ബോളിൽ പുറത്താകാതെ 45 റൺസ് നേടിയതിനൊപ്പം ബോളിങ്ങിൽ 4 നിർണായക വിക്കറ്റുകളും പിഴുത അഖിൽ സ്കറിയയുടെ പ്രകടനമാണ് കൊച്ചിയെ തകർത്തത്.
പ്ലെയർ ഓഫ് ദ മാച്ച് പട്ടം പ്രഖ്യാപിച്ചതു രോഹനായിരുന്നെങ്കിലും അഖിലിനെ കൂടി ഒപ്പം ക്ഷണിച്ച് സംയുക്തമായാണ് രോഹൻ പുരസ്കാരം സ്വീകരിച്ചത്; അർഹതയ്ക്കുള്ള ക്യാപ്റ്റന്റെ അംഗീകാരം.

തകർത്തടിച്ച രോഹൻ 19 പന്തിലാണ് അർധ സെഞ്ചറി തികച്ചത്. സെഞ്ചറിയിലേക്കു നീങ്ങവെയാണ് അഫ്രാദ് നാസറിന്റെ ബോളിൽ ബൗണ്ടറിക്കരികിൽ ക്യാച്ച് നൽകിയുള്ള മടക്കം. രോഹനും സച്ചിൻ സുരേഷും(28) ചേർന്നുള്ള 102 റൺസിന്റെ ഓപ്പണിങ് കൂട്ട് കെട്ടിനു പിന്നാലെ എം.അജിനാസും (33 പന്തിൽ 49) അഖിൽ സ്കറിയയും ചേർന്നുള്ള 96 റൺസിന്റെ വെടിക്കെട്ട് കൂട്ടാണ് റെക്കോർഡ് സ്കോറിലെത്തിച്ചത്.

കൂറ്റൻ സ്കോർ എത്തിപ്പിടിക്കാൻ കൊച്ചിക്കും ഒരു ഗംഭീര തുടക്കം വേണ്ടിയിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ വിനൂപ് മനോഹറും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മുഹമ്മദ് ഷാനും ആ ദൗത്യം ഏറ്റെടുത്തു. നന്നായി തുടങ്ങിയ വിനൂപ് (17 ബോളിൽ 36) റണ്ണൗട്ടായെങ്കിലും ഷാനു ആവശ്യമായ റൺറേറ്റ് നിലനിർത്തി തകർത്തടിച്ചു. പക്ഷേ അർധ സെഞ്ചറി നേടിയതിനു പിന്നാലെ ഷാനുവിനെ (22 ബോളിൽ 53) അഖിൽ സ്കറിയ വീഴ്ത്തിയതോടെ സ്കോറിങ് വേഗം നഷ്ടപ്പെട്ടു. അഖിലിലൂടെ കാലിക്കറ്റ് പിടിമുറുക്കുകയും ചെയ്തു. വാലറ്റത്ത് വീറോടെ പോരാടിയ മുഹമ്മദ് ആഷിക്കിന്റെ (11 പന്തിൽ 38) വിക്കറ്റ് തെറിപ്പിച്ചതും അഖിൽ തന്നെ. കൊച്ചിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കാലിക്കറ്റിന്റെ തുടർച്ചയായ രണ്ടാം ജയവും.
