ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് പോരാട്ടത്തിനു ഇന്ന് തുടക്കം. ചെന്നൈ, മധുര എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ. മലയാളിയും ഗോൾ കീപ്പർ ഇതിഹാസവുമായ പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ പരിശീലകൻ.

ഇന്ത്യ അവസാനം നേടിയ രണ്ട് ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ നേട്ടത്തിലും കളിക്കാരനെന്ന നിലയിൽ നിർണായക പങ്കു വഹിച്ചതിന്റെ മഹത്തായ ചരിത്രമുള്ള ശ്രീജേഷ് പരിശീലകനെന്ന നിലയിലുള്ള തന്റെ വലിയ പോരിനാണ് ഇറങ്ങുന്നത്.
ജൂനിയർ ഹോക്കി ലോകകപ്പിൽ രണ്ട് തവണ ചാംപ്യൻമാരായ ടീമാണ് ഇന്ത്യ. 9 വർഷങ്ങൾക്കു ശേഷം ജൂനിയർ ലോക കിരീടം തിരിച്ചു പിടിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.

24 ടീമുകളാണ് ലോക പോരിൽ നേർക്കുനേർ വരുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോരാട്ടം. ഗ്രൂപ്പ് ചാംപ്യൻമാരും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് കടക്കും.

