
ദേശീയ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ കൂടുതൽ മത്സരങ്ങളുമായി കേരളം കളത്തിലിറങ്ങുന്നു. ബുധനാഴ്ച രാവിലെ നടന്ന 200 മീ ഫ്രീസ്റ്റൈൽ നീന്തലിൽ ഒരു മിനിറ്റ് 57 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായ സാജൻ പ്രകാശ് ഫൈനലിലെത്തി. ബുധനാഴ്ച വൈകിട്ടാണ് ഫൈനൽ. 100 മീറ്റർ ബട്ടർഫ്ളൈയിലും സാജൻ ഫൈനലിൽ കടന്നു. 54.86 സെക്കൻഡിലായിരുന്നു ഫിനിഷ്.
പുരുഷ ഖോ-ഖോയിൽ കേരളം മഹാരാഷ്ട്രയെ നേരിടും. വനിതകളുടെ ബീച്ച് ഹാൻഡ് ബോളിൽ കേരളം ബംഗാളിന നേരിടും. ആദ്യ രണ്ടു മത്സരങ്ങളിൽ കേരളം വിജയിച്ചിരുന്നു. പുരുഷ, വനിത വോളിബോളിലും കേരളം ബുധനാഴ്ച ഇറങ്ങും. പുരുഷ ടീം സർവീസസിനെയും വനിതകൾ ബംഗാളിനെയും നേരിടും. വനിതാ ബാസ്കറ്റ് ബോളിലെ ആദ്യ മത്സരത്തിൽ കേരളം ഉത്തർപ്രദേശിനെ നേരിടും.

പ്രദർശന ഇനമാക്കിയ കളരിപ്പയറ്റിൽ വിവിധയിനങ്ങളിൽ കേരളം ബുധനാഴ്ച ഇറങ്ങും. പുരുഷ, വനിത റഗ്ബി, ഷൂട്ടിങ് എന്നീ ഇനങ്ങളിലും ബുധനാഴ്ച കേരളം ഇറങ്ങുന്നുണ്ട്.