പനാജി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനായി ഗോവയിലെത്തിയ കേരളാ ടീമിനെ കാണാനായി അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. സൂപ്പർ താരത്തെ കണ്ട കേരളാ ടീം അംഗങ്ങൾക്ക് വിശ്വസിക്കാനായില്ല. അമ്പരന്ന് നിന്ന താരങ്ങളെ സച്ചിൻ തന്നെ പരിചയപ്പെടുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ കേരളാ ടീമിനൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് സച്ചിൻ മടങ്ങിയത്.

” മത്സരം ആരംഭിക്കും മുൻപ് ക്രിക്കറ്റിലെ ദൈവത്തിന്റെ ഉപദേശം സ്വീകരിച്ചു” എന്ന വാക്കുകളോടെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന്റെ സന്ദർശന വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.
ഗോവയിലെ പോർവോറിമിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഗോവൻ ടീമിന് വേണ്ടി സച്ചിൻ ടെണ്ടുൽക്കറുടെ മകൻ കളിക്കുന്നു.

സച്ചിനുമായി ഫോട്ടോ എടുക്കാൻ കഴിഞ്ഞതിലെ സന്തോഷം മുൻ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയായ സച്ചിൻ ബേബി മറച്ചു വെച്ചില്ല. സച്ചിനൊപ്പമുള്ള ഫോട്ടോ അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. മത്സരം ആസ്വദിച്ചു കളിക്കൂക,സ്വപ്നങ്ങളെ പിന്തുടരൂ അത് യാഥാർഥ്യമായി മാറും എന്ന സച്ചിന്റെ വാക്കുകൾ ആണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്.

