സൂറിക്: ഡയമണ്ട് ലീഗ് ഫൈനലിൽ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയുടെ (85.01 മീറ്റർ) പോരാട്ടം വെള്ളി മെഡലിൽ അവസാനിച്ചു. പുരുഷ ജാവലിൻത്രോയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ജർമനിയുടെ ജൂലിയൻ വെബർ (91.51 മീറ്റർ) ചാംപ്യനായപ്പോൾ തന്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താൻ നീരജിനായില്ല. അഞ്ചാം റൗണ്ടുവരെ മൂന്നാംസ്ഥാനത്തായിരുന്ന നീരജ് അവസാന ത്രോയിലാണ് ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ടിനെ പിന്തള്ളി (84.95 മീറ്റർ) രണ്ടാംസ്ഥാനമുറപ്പിച്ചത്.

2022 സീസണിൽ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരജ് ചോപ്ര അതിനുശേഷം തുടർച്ചയായ മൂന്നാം സീസണിലാണ് വെള്ളിയുമായി മടങ്ങുന്നത്. കഴിഞ്ഞവർഷം ബൽജിയത്തിലെ ബ്രസൽസിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ വെറും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് കിരീടം നഷ്ടമായത്. സ്വർണം നഷ്ടമായെങ്കിലും തുടർച്ചയായ 26–ാം ജാവലിൻ മത്സരത്തിലും ആദ്യ 2 സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കാൻ നീരജിന് കഴിഞ്ഞു.
മേയിൽ ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ നീരജിനെ പിന്തള്ളി ഒന്നാമതെത്തിയ ജർമൻ താരം ജൂലിയൻ വെബർ വീണ്ടും ഇന്ത്യയുടെ വില്ലനായി മാറുകയായിരുന്നു. ആദ്യ റൗണ്ടിൽ 91.37 മീറ്റർ പിന്നിട്ട വെബർ സീസണിലെ ലോകത്തെ ഏറ്റവും മികച്ച പ്രകടനത്തോടെ ലീഡെടുത്തു. ആദ്യ റൗണ്ടിൽ 84.35 മീറ്റർ മാത്രം പിന്നിടാനായ നീരജ് ആകട്ടെ കെഷോൺ വാൽക്കോട്ടിനും പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് താഴ്ന്നു.

വെബറിനെ മറികടന്ന് ഡയമണ്ട് ലീഗ് കിരീടം നേടണമെങ്കിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തണമെന്ന അവസ്ഥയിലായി അതോടെ നീരജ്. അതിന്റെ സമ്മർദം നീരജിന്റെ പ്രകടനത്തെയും ബാധിച്ചപ്പോൾ രണ്ടാം ഊഴത്തിൽ 91.51 മീറ്റർ എറിഞ്ഞിട്ട് വെബർ മികവിന്റെ ഗ്രാഫ് വീണ്ടുമുയർത്തി. രണ്ടാം റൗണ്ടിൽ 82 മീറ്ററുമായി പിന്നോട്ടുപോയ നീരജ് അതിനുശേഷം തുടർച്ചയായി 3 ഫൗളുകൾ വഴങ്ങിയത് തിരിച്ചടിയായി. മെഡൽ നഷ്ടമാകുമോയെന്ന് ആശങ്കപ്പെട്ട ഇന്ത്യൻ ആരാധകരെ അവസാന ത്രോയിലൂടെയാണ് നീരജ് വെള്ളി മെഡലിന്റെ ആശ്വാസത്തിലേക്കുയർത്തിയത്.

