ദുബായ്:പാക്കിസ്ഥാന്റെ കിരീട സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ഇന്ത്യ ഏഷ്യൻ വൻകരയുടെ രാജാക്കന്മാരായി. തിലക് വർമയുടെ തോളിലേറിയാണ് ഇന്ത്യ കിരീടം ചൂടുന്നത്. സഞ്ജു സാംസണിനൊപ്പവും ശിവം ദുബെയ്ക്ക് ഒപ്പവും തിലക് വർമ അർധ ശതക കൂട്ടുകെട്ട് കണ്ടെത്തിയതോടൊണ് ഇന്ത്യ രണ്ട് പന്ത് ബാക്കി നിൽക്കെ ജയം പിടിച്ചത്.

53 പന്തിൽ നിന്ന് തിലക് വർമ മൂന്ന് ഫോറും നാല് സിക്സും പറത്തി 69 റൺസോടെ പുറത്താവാതെ നിന്നു. തിലക് വർമയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി ഇത് മാറി. അത്രയും സമ്മർദത്തിൽ നിന്നായിരുന്നു തിലകിന്റെ ബാറ്റിങ്. ഇന്ത്യയുടെ ഏഷ്യാ കപ്പ് കലാശപ്പോരിലെ ജയത്തിൽ സഞ്ജുവിന്റെ പങ്കും എടുത്ത് പറയണം. ആദ്യ നാല് ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് നിൽക്കുമ്പോഴാണ് സഞ്ജു സാംസൺ ക്രീസിലേക്ക് വരുന്നത്.
ആ സമയം പ്രതിരോധിക്കണോ അതോ ബൗണ്ടറി കണ്ടെത്താൻ ശ്രമിക്കണോ എന്ന ആശയക്കുഴപ്പം ബാറ്റർമാരുടെ മനസിലുണ്ടാവും. എന്നാൽ സ്ട്രൈക്ക് കൈമാറി സ്കോർ ബോർഡ് ചലിപ്പിച്ച സഞ്ജുവും തിലകും ഓവറിൽ ഒരു ബൗണ്ടറിയെങ്കിലും നേടുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രമിച്ചു. സഞ്ജുവും തിലകും ചേർന്നുള്ള അർധ ശതക കൂട്ടുകെട്ടും ഇന്ത്യൻ ജയത്തിൽ നിർണായകമായി.

21 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് സഞ്ജു മടങ്ങിയത്. പിന്നാലെ തിലകിനൊപ്പം ചേർന്ന ശിവം ദുബെ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 22 പന്തിൽ നിന്ന് 33 റൺസ് എടുത്താണ് ദുബെ ക്രീസ് വിട്ടത്.18ാം ഓവറിന്റെ അവസാന പന്തിൽ ഹാരിസ് റൗഫിനെ സിക്സ് പറത്തിയാണ് തിലക് വർമയുമായുള്ള കൂട്ടുകെട്ട് ശിവം ദുബെ 50 കടത്തിയത്. ഒടുവിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് റിങ്കു സിങ്ങിന്റെ ഫിനിഷും.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഇന്ത്യൻ സ്പിൻ ത്രയത്തിന് മുൻപിൽ തകർന്ന് വീഴുകയായിരുന്നു. 113-1 എന്ന നിലയിൽ നിന്നാണ് പാക്കിസ്ഥാൻ 146ന് പുറത്തായത്. പവർപ്ലേയിൽ ഇവർ 45 റൺസ് കണ്ടെത്തിയിരുന്നു. ഒരു മൂന്നാം സീമറുടെ അഭാവത്തെ തുടർന്ന് ഇന്ത്യക്ക് സ്പിൻ ത്രയത്തെ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഇറക്കേണ്ടി വന്നു.സ്പിന്നർമാരുടെ ആദ്യ ഓവറുകളിൽ പാക് ഓപ്പണർമാർ പോസിറ്റീവായി ബാറ്റ് വീശി. 81 റൺസിൽ നിൽക്കുമ്പോഴാണ് പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് വീഴ്ത്താനായത്. പിന്നെ മത്സരത്തിന്റെ ഗതി തിരിച്ച സ്പിന്നർമാർ പാക്കിസ്ഥാന്റെ മധ്യനിരയെ നിലയുറപ്പിക്കാൻ അനുവദിക്കാതെ മടക്കി. പാക്കിസ്ഥാന്റെ ആദ്യ മൂന്ന് ബാറ്റർമാർ മാത്രമാണ് സ്കോർ രണ്ടക്കം കടത്തിയത്.
