മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി ഡൽഹിയുടെ മുൻ ക്യാപ്റ്റൻ മിഥുൻ മൻഹാസ് (45) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ദേവജിത് സൈകിയ തുടരും. മുൻ ഇന്ത്യൻ താരവും കർണാടക ക്രിക്കറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ രഘുറാം ഭട്ടാണ് ട്രഷറർ. വനിതാ പ്രിമിയർ ലീഗിന്റെ ആദ്യ സ്വതന്ത്ര ചെയർമാനായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് തിരഞ്ഞെടുക്കപ്പെട്ടു.

2023ൽ ഡബ്ല്യുപിഎൽ അധ്യക്ഷന്റെ ചുമതല ബിസിസിഐ അധ്യക്ഷൻ റോജർ ബിന്നിക്കായിരുന്നു. 94–ാം വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എല്ലാ സ്ഥാനങ്ങളിലേക്കും എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.
ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കു മൻഹാസ് മാത്രമേ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നുള്ളൂ എന്നതിനാൽ പ്രസിഡന്റ് ആരാകുമെന്നതു നേരത്തേ വ്യക്തമായിരുന്നു. ബിസിസിഐയുടെ 17–ാമത് പ്രസിഡന്റാണ് മൻഹാസ്. സൗരവ് ഗാംഗുലിയുടെയും റോജർ ബിന്നിയുടെയും പിൻഗാമിയായി തുടർച്ചയായി മൂന്നാം തവണയാണ് ബിസിസിഐ അധ്യക്ഷനായി മുൻ ക്രിക്കറ്റർ എത്തുന്നത്.

157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള മൻഹാസ് 27 സെഞ്ചറി ഉൾപ്പെടെ 9,714 റൺസെടുത്തിട്ടുണ്ട്. ബിസിസിഐ വൈസ് പ്രസിഡന്റായി രാജീവ് ശുക്ല തുടരും. ട്രഷറർ ആയിരുന്ന പ്രഭുതേജ് ഭാട്ടിയ ജോയിന്റ് സെക്രട്ടറിയാകും. ഉന്നതാധികാര സമിതി അംഗമായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയ്ദേവ് ഷായെ നിയമിച്ചു. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ഗവേണിങ് കൗൺസിൽ ചെയർമാനായി അരുൺ ധുമാൽ തുടരും.

