സന്തോഷ് ട്രോഫി സെമിഫൈനലിന്റെ അവസാനവട്ട പരിശീലനത്തിലാണ് ടീമംഗങ്ങൾ. ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നാണ് കേരളം– മണിപ്പുർ സെമിഫൈനൽ. ഉച്ചയ്ക്ക് 2.30ന് ആദ്യ സെമിയിൽ ബംഗാൾ സർവീസസിനെ നേരിടും. മത്സരങ്ങൾ ഡിഡി സ്പോർട്സിലും എസ്എസ്ഇഎൻ ആപ്പിലും തത്സമയം.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കേരള ടീം പരിശീലനത്തിനിറങ്ങിയത്. ത്രോബോൾ കളിപ്പിച്ചും ഫൺ ഗെയിമുകൾ നൽകിയുമാണ് സഹപരിശീലകൻ ഹാരി ബെന്നിയും ഗോൾകീപ്പിങ് കോച്ച് നെൽസനും പരിശീലനം മുന്നോട്ടു കൊണ്ടുപോയത്. നേരിയ പനിയുള്ളതിനാൽ നിജോ ഗിൽബർട്ടും സൽമാൻ കള്ളിയത്തും ഇന്നലെ വിശ്രമിച്ചു. പരുക്കേറ്റ ഗനി അഹമ്മദ് നിഗം ഇന്നും കളിക്കാനിറങ്ങില്ല.
ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് വേദിയായ ഡെക്കാൻ അരീനയിലെ കൃത്രിമ പുല്ലുള്ള ടർഫ് കേരള താരങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഇന്ന് സെമി മത്സരം നടക്കുന്ന ഗച്ചിബൗളി സ്റ്റേഡിയത്തിൽ കേരളത്തിനു ശീലമുള്ള സ്വാഭാവിക പുൽമൈതാനമാണുള്ളത്. ടർഫിലാണെങ്കിലും ഗ്രൗണ്ടിലാണെങ്കിലും അതിവേഗത്തോടെ കളിക്കുന്നവരാണ് മണിപ്പുരിന്റെ താരങ്ങൾ. ഹൈദരാബാദിലെ തണുത്ത കാലാവസ്ഥയും അവർക്കു പരിചിതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ഇതുവരെ 5 തവണ മണിപ്പുരും കേരളവും ഏറ്റുമുട്ടിയപ്പോൾ 3 തവണ വിജയം കേരളത്തിനൊപ്പമായിരുന്നു. 2 തവണ മണിപ്പുർ വിജയിച്ചു.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യസെമിയിൽ ബംഗാളും സർവീസസും ഏറ്റുമുട്ടും. സന്തോഷ് ട്രോഫി ചരിത്രത്തിൽ ഇരുടീമുകളും 32 തവണ മത്സരിച്ചപ്പോൾ 21 തവണയും ബംഗാളിനായിരുന്നു ജയം. 6 തവണ മാത്രമാണ് സർവീസസ് ജയിച്ചത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ സർവീസസ് 5 തവണ ജേതാക്കളായപ്പോൾ ബംഗാൾ ഇക്കാലയളവിൽ കിരീടം നേടിയത് ഒരു വട്ടം മാത്രം.