ഏകദിന ലോക കിരീടം ഇനി ഇന്ത്യയുടെ പെൺപടയിൽ നിന്ന് ഒരു ജയം മാത്രം അകലെ. സെമി ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ഹർമൻപ്രീതിന്റെ സംഘം ചെയ്സ് ചെയ്ത് വീഴ്ത്തിയത്. ഓസ്ട്രേലിയ മുൻപിൽ വെച്ച 339 റൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. സെഞ്ചുറിയുമായി പുറത്താവാതെ നിന്ന ജെമിമാ റോഡ്രിഗസാണ് ഓസ്ട്രേലിയയുടെ കിരീട സ്വപ്നങ്ങൾ തകർത്തത്.

വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്സിങ് ജയം ആണ് ഇന്ത്യൻ വനിതകൾ ഇവിടെ സ്വന്തമാക്കിയത്. ഇന്ത്യൻ ഇന്നിങ്സിലെ 49ാം ഓവറിലെ മൂന്നാമത്തെ പന്തിൽ അമൻജോത് കൗറിന്റെ ബൗണ്ടറി. ഈ ബൗണ്ടറിയോടെ വിജയ റൺ കുറിച്ച ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയാണ് കലാശപ്പോരാട്ടത്തിലെ എതിരാളികൾ.
വനിതാ ഏകദിന ലോകകപ്പിൽ 2017ന് ശേഷം ഇത് ആദ്യമായാണ് ഓസ്ട്രേലിയ തോൽവി അറിയുന്നത്. ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് ഷഫാലി വർമയെ രണ്ടാമത്തെ ഓവറിൽ തന്നെ നഷ്ടമായി. ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാന 24 റൺസ് മാത്രം എടുത്ത് മടങ്ങി. ഇതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ ജെമിമാ റോഡ്രിഗസും ക്യാപ്റ്റൻ ഹർമൻപ്രീതും ചേർന്ന് കൂട്ടുകെട്ട് ഉയർത്തി.

59-2 എന്ന നിലയിൽ നിൽക്കെ ഒന്നിച്ച ഹർമൻ-ജെമിമ സഖ്യം 226ലേക്ക് ഇന്ത്യൻ സ്കോർ എത്തിയപ്പോഴാണ് വേർപിരിഞ്ഞത്. 134 പന്തിൽ നിന്ന് 14 ഫോറോടെയാണ് ജെമിമ 127 റൺസ് എടുത്ത് ഇന്ത്യയുടെ വിജയ ശിൽപിയായത്. ഹർമൻപ്രീത് 88 പന്തിൽ നിന്ന് 89 റൺസും നേടി.

ദീപ്തി ശർമ 24 റൺസ് എടുത്ത് മടങ്ങി. ഇന്ത്യയുടെ ജയം വേഗത്തിലാക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ ദീപ്തി ശർമ റൺഔട്ടാവുകയായിരുന്നു. പിന്നാലെ റിച്ചാ ഘോഷ് 16 പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സും സഹിതം 26 റൺസ് എടുത്ത് ടീമിനെ ജയത്തോട് അടുപ്പിച്ച് മടങ്ങി. അമൻജോത് 8 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയോടെ പുറത്താവാതെ നിന്നു.
