ചെന്നൈ: കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിൽ രാഷ്ട്രീയ പുനഃസംഘടനയ്ക്കുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കുകയാണ് ബിജെപി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ഡിഎംകെ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പാർട്ടി രംഗത്തെത്തി. അതേസമയം, വിജയ്ക്കെതിരായ പ്രസ്താവനകൾ ഒഴിവാക്കുകയും ചെയ്തു.

തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച വിജയ് തന്റെ റാലികളിൽ ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനിടെയാണ് ടിവികെയെ തളർത്തിക്കൊണ്ടുള്ള ദുരന്തം സംഭവിച്ചത്. എന്നിരുന്നാലും, വിജയ് നടത്തുന്ന യോഗങ്ങളിലെ വൻ ജനപങ്കാളിത്തം രാഷ്ട്രീയത്തിൽ താരത്തിന് പുതിയൊരു പാത തുറക്കുമെന്ന് ബിജെപി വിശ്വസിക്കുന്നുണ്ട്.
“പിന്നണി ചർച്ചകൾ നടക്കുന്നുണ്ട്,” ഒരു മുതിർന്ന ബിജെപി നേതാവ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലെ പാളിച്ചകൾ പരിഹരിക്കാൻ ശ്രമിക്കുന്ന പാർട്ടിയിലെ ഒരു ഉന്നത നേതാവ് വിജയ്യുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിനായി ബിജെപി അടുത്തിടെ എഐഎഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ ഇരുവരും സഖ്യ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പാർട്ടിയിലെ പിളർപ്പുകൾ കാരണം നിരവധി പ്രമുഖ നേതാക്കളെ നഷ്ടപ്പെട്ട എഐഎഡിഎംകെയ്ക്ക്, കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ ആവശ്യമായ രാഷ്ട്രീയ ശക്തി ഇല്ലെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്.

എഐഎഡിഎംകെയുടെ വോട്ട് വിഹിതം കുറഞ്ഞാൽ, ടിവികെ ഒരു ബദലായി വേഗത്തിൽ ഉയരുമെന്ന് പാർട്ടിക്ക് മനസിലായിട്ടുണ്ടെന്ന് ഒരു ബിജെപി തന്ത്രജ്ഞൻ പറഞ്ഞു. “വിജയ്യുടെ പ്രായവും അദ്ദേഹത്തിന് ഒരു നേട്ടമാണ്. അദ്ദേഹത്തിന് വെറും 51 വയസ് മാത്രമേ ഉള്ളൂ.”
ടിവികെയുടെ ഭാഗത്തുനിന്ന് എൻഡിഎയുമായി സഖ്യത്തിലേർപ്പെടുന്നതിന്റെ സൂചനകളൊന്നുമില്ലെന്നാണ് വിജയ്യുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഒരു മുതിർന്ന ടിവികെ നേതാവ് ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ, ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലയിലായിരുന്നുവെന്ന് ഒരു ഉന്നത വൃത്തം അവകാശപ്പെട്ടു.
