ചെന്നൈ: ടിവികെ (തമിഴക വെട്രി കഴകം) പ്രസിഡന്റ് നടൻ വിജയ്യുടെ സംസ്ഥാന പര്യടനം സെപ്റ്റംബർ 13ന് ആരംഭിക്കും. തിരുച്ചിറപ്പള്ളിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന യാത്രയുടെ ആദ്യ ഘട്ടത്തിൽ അരിയലൂർ, പെരമ്പലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാമക്കൽ, ഈറോഡ് തുടങ്ങി 10 ജില്ലകളിൽ പര്യടനം നടത്തും.

പൊതുയോഗം, റോഡ് ഷോ തുടങ്ങിയവയും സംഘടിപ്പിക്കും. യാത്രയ്ക്കായി പ്രത്യേകം സജ്ജമാക്കിയ ബസ് ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി ടിവികെയുടെ പ്രവര്‍ത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജയ് സംസ്ഥാന പര്യടനത്തിനിറങ്ങുന്നത്. കഴിഞ്ഞ മാസം മധുരയില്‍ നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് തമിഴ്നാട് പര്യടനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിലെ മുഖ്യധാരാ പാര്‍ട്ടികളുടെ മാതൃകയില്‍ ജനസമ്പര്‍ക്ക പരിപാടികളും റോഡ്ഷോയും തെരുവുയോഗങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സംസ്ഥാനയാത്രയാണ് ടിവികെ ആസൂത്രണംചെയ്യുന്നത്.

