ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയിന്റെ ആദ്യ സംസ്ഥാന പര്യടനം ശനിയാഴ്ച രാവിലെ 10.35-ന് തിരുച്ചിറപ്പള്ളിയില്‍ തുടങ്ങും. പരിപാടിയുടെ ലോഗോ വ്യാഴാഴ്ച പുറത്തിറക്കി. ‘നിങ്ങളുടെ വിജയ് ഇതാ വരുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പര്യടനം. എല്ലാ ജില്ലകളിലും കടന്നുചെന്ന് കുടുംബാംഗങ്ങളെ കാണുമെന്ന് സാമൂഹികമാധ്യമ സന്ദേശത്തില്‍ വിജയ് പറഞ്ഞു. ജനവികാരമുള്‍ക്കൊണ്ട് മനഃസാക്ഷിക്കു നിരക്കുന്ന രാഷ്ട്രീയവുമായാണ് ടിവികെ വരുന്നതെന്ന് വിജയ് പറഞ്ഞു.

ഓഗസ്റ്റ് 21-ന് നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെയും അംഗത്വ വിതരണത്തിന്റെയും തുടര്‍ച്ചയായാണ് വിജയ് സംസ്ഥാന പര്യടനം നടത്തുന്നത്. അടുത്തവര്‍ഷം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. സംസ്ഥാന പര്യടനത്തിനും അതിന്റെ ഭാഗമായ പൊതുയോഗങ്ങള്‍ക്കും കര്‍ശന ഉപാധികളോടെയാണ് തമിഴ്നാട് പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബര്‍ 20 വരെ തുടരും. ശനിയാഴ്ചകളിലും ഏതാനും ഞായറാഴ്ചകളിലുമാണ് പര്യടനവും പൊതുസമ്മേളനങ്ങളും നടക്കുന്നത്.
ആദ്യദിനം തിരുച്ചിറപ്പള്ളി ഗാന്ധി മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനടുത്തുള്ള ഗാന്ധി പ്രതിമയ്ക്കു സമീപത്താണ് പൊതുസമ്മേളനം. അന്നു തന്നെ പെരമ്പലൂര്‍, അരിയാലൂര്‍ ജില്ലകളിലും പൊതുയോഗമുണ്ടാവും. സെപ്റ്റംബര്‍ 20-ന് നാഗപട്ടണം, തിരുവാരൂര്‍, മയിലാടുതുറൈ ജില്ലകളില്‍ സംസാരിക്കും. സെപ്റ്റംബര്‍ 27-ന് വടക്കന്‍ ചെന്നൈയിലും ഒക്ടോബര്‍ 25-ന് തെക്കന്‍ ചെന്നൈയിലും പൊതുയോഗമുണ്ടാവും.

ഡിസംബര്‍ 20-ന് മധുരയിലാണ് സമാപന സമ്മേളനം.തിരുച്ചിറപ്പള്ളിയില്‍ ചത്തിരം ബസ് സ്റ്റാന്‍ഡാണ് ഉദ്ഘാടന വേദിയായി ടിവികെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിന് പോലീസ് അനുമതി നല്‍കാത്തതുകൊണ്ടാണ് ഗാന്ധി മാര്‍ക്കറ്റിലേക്കു മാറ്റിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗം നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു പറഞ്ഞാണ് പോലീസ് എതിര്‍ത്തത്.

