ചെന്നൈ:ടിവികെ നേതാവ് വിജയ്യുടെ പര്യടനത്തിന് ആളുകൂടുന്നത് സിനിമാതാരത്തെ കാണാനാണെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു. വടിവേലു പ്രസംഗിക്കാൻവന്നാലും ആളുകൂടുമെന്നായിരുന്നു വിസികെ നേതാവ് തിരുമാവളവന്റെ പ്രസ്താവന. സംസ്ഥാനപര്യടനത്തിന് തുടക്കംകുറിച്ച് ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ വിജയ് നടത്തിയ പ്രസംഗംകേൾക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഭിപ്രായപ്രകടനങ്ങൾ.

വിജയ്യുടെ പൊതുയോഗത്തിന് നല്ല ആളുണ്ടായിരുന്നെന്നും സിനിമാതാരങ്ങളെ കാണാൻ ആളുകൾകൂടുന്നതിൽ അദ്ഭുതമില്ലെന്നും മുൻ ബിജെപി അധ്യക്ഷൻ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഇത്തരം പരിപാടികൾക്ക് സുരക്ഷാസന്നാഹം ശക്തമാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
വിജയ് ഇപ്പോൾ തനിച്ചാണെന്നും ഇതുവരെ സഖ്യങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ലെന്നും വിസികെ നേതാവ് തിരുമാവളവൻ പറഞ്ഞു. നിലവിൽ ഡിഎംകെ സഖ്യത്തിന് ഭീഷണിയാവാൻ ടിവികെക്ക് കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ബദൽശക്തിയാകണമെന്നുണ്ടെങ്കിൽ വിജയ് രാഷ്ട്രീയപ്രവർത്തനത്തെ കുറെക്കൂടി ഗൗരവത്തിലെടുക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ദിവസവും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ട്. എന്നാൽ, വിജയ് ശനിയും ഞായറും മാത്രമാണ് ജനങ്ങളെ കാണുന്നത്. രാഷ്ട്രീയത്തെ ദൈനംദിനകൃത്യമായെടുക്കണം -അണ്ണാമലൈ പറഞ്ഞു.

