ചെന്നൈ: സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നാളെ ഡിഎംകെയിലേക്ക് തന്നെയെത്തുമെന്ന് സംവിധായകന് കരു പളനിയപ്പന്‍. ഡിഎംകെയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്ക്ക് നാളെ രാജ്യസഭാ സീറ്റ് നല്‍കേണ്ടവരാണ് ഡിഎംകെയെന്നും പളനിയപ്പന്‍ അഭിപ്രായപ്പെട്ടു.

‘ഇപ്പോള്‍ വന്ന വിജയ് ഹിന്ദിയെ എതിര്‍ക്കുന്നു. അതുതന്നെയാണ് ഞങ്ങളും ചെയ്യുന്നത്. അപ്പോള്‍ വിജയ് ഞങ്ങള്‍ക്കൊപ്പം ചേര്ന്നുനില്ക്കുകയല്ലേ വേണ്ടത്. പുതിയൊരു ഉത്പന്നം വില്ക്കാനുണ്ടെങ്കിലല്ലേ സ്വന്തമായി കട തുടങ്ങേണ്ടതുള്ളൂ’, പളനിയപ്പന്‍ പറഞ്ഞു.
‘ഞാന്‍ ഒരു വേദിയിലും വിജയ്യെ വിമര്‍ശിക്കാറില്ല. കാരണം, നാളെ വിജയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കേണ്ടവരാണ് നമ്മള്. നാളെ വിജയ് ഡിഎംകെയിലേക്ക് തന്നെ വരും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസനെ പരോക്ഷമായി ഉദ്ദേശിച്ചായിരുന്നു പളനിയപ്പന്റെ അഭിപ്രായപ്രകടനം. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമല്ഹാസന് ഡിഎംകെ പിന്തുണയില്‍ രാജ്യസഭയില്‍ എത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയുമായുണ്ടാക്കിയ ധാരണപ്രകാരമാണ് കമല്ഹാസന് രാജ്യസഭാ സീറ്റ് നല്‍കിയത്.

