ചെന്നെ: വിജയ്യുടെ തമിഴക വെട്രി കഴകം സംസ്ഥാന പര്യടന റാലിയില്‍ തിക്കിലും തിരക്കിലും ഒട്ടേറെ പേര് മരിച്ച സംഭവത്തില്‍ സംഘാടനം പാളിയതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വലിയ സുരക്ഷാ വീഴ്ച്ച ഉണ്ടായതായി പൊലീസ് അറിയിച്ചു. 10,000 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന മൈതാനത്തില്‍ 40,000 പേര് തടിച്ചു കൂടിയതും ദുരന്തത്തിന് കാരണമായി. ഗര്‍ഭിണികളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത് അനുസരിക്കാതെയാണ് പലരും എത്തിയത്.

നിയമ പ്രശ്നങ്ങളുണ്ടായിരുന്നതിനാല് എവിടെ പരിപാടി നടത്തണമെന്ന കാര്യത്തില്‍ പോലും അവസാനഘട്ടത്തിലാണ് തീരുമാനമായത്. ടിവികെ മുന്നേ തീരുമാനിച്ചിരുന്ന സ്ഥലമാണ് പരിപാടിക്കായി തിരഞ്ഞെടുത്തതെങ്കിൽ ഇതിലും വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിലും പരിമിതമായ സ്ഥലം ടിവികെ ആവശ്യപ്പെട്ടെങ്കിലും പൊലീസും സര്‍ക്കാരും അനുമതി നല്‍കിയില്ല. ഇതിന് പിന്നാലെ ടിവികെ കോടതിയെ സമീപിച്ചതിന് ശേഷമാണ് പരിപാടി നടന്ന കരൂരില്‍ സ്ഥലം അനുവദിച്ച് നല്‍കിയത്.
ഉദ്ദേശിച്ചതിലും പതിന്മടങ്ങ് ആളുകള്‍ മൈതാനത്തേക്ക് എത്തുകയായിരുന്നു. കൂടാതെ മൈതാനത്തില്‍ ആറര മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷമായിരുന്നു വിജയ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകീട്ട് ഏഴരയോടെയാണ് സ്ഥലത്ത് എത്തിയത്. അത്രയും സമയം ആളുകള്‍ ഭക്ഷണം പോലും കഴിക്കാതെ അദ്ദേഹത്തെ കാണാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഇത് ആളുകളിൽ ശാരീരിക അസ്വസ്ഥ്യമുണ്ടാക്കി.

അപകടമുണ്ടായെന്ന് മനസിലായതോടെ ആളുകള്‍ പരിഭ്രാന്തരായി പല ഭാഗങ്ങളിലേക്ക് ഓടാന്‍ തുടങ്ങിയിരുന്നു. ഇതോടെ പൊലീസ് ലാത്തി ചാര്‍ജ് ആരംഭിച്ചു. ആംബുലന്‍സുകള്‍ക്ക് പോലും അപകട സ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു ആദ്യഘട്ടത്തില്‍. പിന്നീട് എത്രയും പെട്ടെന്ന് അടിയന്തര സഹായത്തിനുള്ള സാഹചര്യമൊരുക്കണം എന്ന് വ്യക്തമാക്കി വിജയ് റാലി അവസാനിപ്പിക്കുകയായിരുന്നു.

