ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ച് തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തിൽ സംഭവിച്ച നഷ്ടം നികത്താൻ പര്യാപ്തമല്ലെങ്കിലും, ദുഃഖിതരായ കുടുംബത്തിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും വിജയ് പറഞ്ഞു. വിജയ് പാര്‍ട്ടി ഉന്നത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി രാവിലെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.

ദുരന്തത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ടിവികെ തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ടിവികെ ആവശ്യപ്പെടുക. സിബിഐ അന്വേഷണം എന്ന ആവശ്യവും ടിവികെ ഉന്നയിച്ചേക്കും. നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയിട്ടുണ്ട്.
അതേസമയം കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ് നെതിരെ തിടുക്കപ്പെട്ട് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്റെയും തമിഴ് നാട് സര്‍ക്കാരിന്റെയും നിലപാട്. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്താല്‍ വിജയിന് അനുകൂല തരംഗമുണ്ടായേക്കുമെന്ന് ഡിഎംകെ വിലയിരുത്തുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമായ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്നും പാര്‍ട്ടി കരുതുന്നു.

മാത്രമല്ല ദുരന്തത്തില്‍ ഹൈക്കോടതി നേരിട്ട് കേസെടുത്തേക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഹൈക്കോടതി നേരിട്ട് കേസെടുത്തില്ലെങ്കില്‍, ഏതെങ്കിലും അഭിഭാഷകര്‍ വിഷയം കോടതിയില്‍ ഉന്നയിച്ചേക്കും. ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല എന്ന് കോടതി ചോദിക്കാനുള്ള സാധ്യതയും ഡിഎംകെ കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ കോടതി നിര്‍ദേശപ്രകാരം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നിലവില്‍ വിജയിനെ ഒഴിവാക്കി, ടിവികെ നേതൃനിരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും നേതാവിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

