ചെന്നൈ:ഡിറ്റ് വ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത തുടരുന്നു.നിലവിൽ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരപ്രദേശങ്ങളിലുമായാണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കഡലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപേട്ട് തുടങ്ങിയ തെക്കൻ ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
തീരദേശ തമിഴ്നാട്ടിലും പുതുച്ചേരിയിലും മണിക്കൂറിൽ 70-80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ഡിസംബർ രണ്ട് വരെ മത്സ്യബന്ധനത്തിന് പൂർണ്ണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശ്രീലങ്കയിലെ ജാഫ്നയിലേക്കുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ (6E 1177, 6E 1178) റദ്ദാക്കി. ചെന്നൈ, കൊളംബോ, ജാഫ്ന, പുതുച്ചേരി, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, മധുരൈ എന്നിവിടങ്ങളിലേക്കുള്ള മറ്റ് വിമാന സർവ്വീസുകളിലും തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

ചെന്നൈിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. നിലവിൽ, ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയിട്ടില്ല.മഴ കനത്തതിനെ തുടർന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ, കാവേരി ഡെൽറ്റാ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
