
മുളന്തുരുത്തി : ട്രെയിനുകൾ കടന്നുപോകുന്നതും നോക്കിയുള്ള ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് നാളെ അവസാനിക്കും. ചെങ്ങോലപ്പാടം മേൽപാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാളെ 3നു നാടിനു സമർപ്പിക്കും.

അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി എന്നിവർ പങ്കെടുക്കും.
കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ 100% പണികളുംപൂർത്തിയാക്കിയാണു പാലം തുറന്നുകൊടുക്കുന്നത്.
കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണു പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. മുളന്തുരുത്തി-ചോറ്റാനിക്കര-തിരുവാങ്കുളം പാതയിലാണു മേൽപാലം വരുന്നത്.
