പനാജി: ഓസ്ട്രേലിയയില്‍ നടപ്പിലാക്കിയതിന് സമാനമായി16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കുന്ന കാര്യം ഗോവ സര്‍ക്കാരും പരിഗണിക്കുന്നു. ഇതനായി നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ തേടുകയാണ് ഗോവന്‍ സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അമിതമായി സമയം ചെലവഴിക്കുന്ന യുവതലമുറയുടെ മാനസികാരോഗ്യവും ക്ഷേമവും സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഓസ്ട്രേലിയയുടെ നിയമങ്ങള്‍ ഞങ്ങള്‍ പഠിച്ചുവരികയാണ്. ഇതിലൂടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രവേശനം എങ്ങനെ നിയന്ത്രിക്കാമെന്നാണ് പരിശോധിക്കുന്നത്.’ ഗോവ ഇന്‍ഫോടെക് മന്ത്രി രോഹന് ഖൗന്റെ പറഞ്ഞു. ‘സാധ്യമെങ്കില്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമായ നിരോധനം ഞങ്ങള്‍ നടപ്പിലാക്കും.’ മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. സമാനമായ നടപടികള്‍ പരിഗണിക്കുമെന്ന് നേരത്തെ ആന്ധ്രപ്രദേശ് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല.ആഗോളതലത്തിലുള്ള നിയന്ത്രണങ്ങള്‍ പഠിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ആന്ധപ്രദേശില്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രിലേയയില്‍ നിയന്ത്രണം നടപ്പാക്കിയത്. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ലംഘനം നടത്തുന്നവര്‍ക്ക് കടുത്ത പിഴയീടാക്കാനും തീരുമാനിച്ചിരുന്നു.

ഇത്തരമൊരു നിരോധനം സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്നതിന് നിയമപരമായ വെല്ലുവിളികള്‍ ഏറെയാണ്. ഇന്ത്യയിലെ കേന്ദ്ര ഐടി നിയമങ്ങള്‍ക്ക് കീഴില്‍ സംസ്ഥാന തലത്തിലുള്ള ഈ നിയന്ത്രണം നിയമപരമായി നിലനില്‍ക്കുമോ എന്ന് ഗോവ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.

