അയിത്തം കൊടികുത്തി വാണകാലത്ത് അതിനെതിരേ പോർമുഖം തുറന്ന നവോത്ഥാനനായകനാണ് അയ്യൻകാളി.
ചരിത്രത്തിന്റെ ഗതിമാറ്റിക്കൊണ്ട് രണ്ട് വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടി പെരുങ്കാറ്റുവിള കുന്നിൻചെരുവിലെ വീട്ടിൽനിന്ന് വെങ്ങാനൂരിലെ രാജവീഥികളിലേക്കിറങ്ങി.
മുപ്പത് വയസ്സുള്ള ഒരു യുവാവായിരുന്ന വില്ലുവണ്ടി ഓടിച്ചിരുന്നത്. ഒരു ജന്മിക്ക് ചേരുംവിധത്തിലുള്ള വേഷവിധാനങ്ങളും തലപ്പാവുമായിരുന്നു അയാൾ അണിഞ്ഞിരുന്നത്. ആരെയും എതിരിടാൻപോന്ന മുഖഭാവം, അരയിൽ 12 ഇഞ്ച് നീളമുള്ള കഠാരയും. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു, ബാലരാമപുരത്തുവെച്ച് ഒരു വിഭാഗം അയാളെ തടയാൻ ശ്രമിച്ചു. ഏറ്റമുട്ടലുകളുണ്ടായി. കാരിരുമ്പിന്റെ കരുത്തുള്ള ആ യുവാവിനോടും സംഘത്തോടും എതിരിട്ട് തോറ്റ പ്രതിയോഗികൾ ഓടിയൊളിച്ചു. ‘ഹോയ്’, ‘റാൻ’, ‘അടിയൻ’ എന്നൊക്കെ പറയേണ്ടുന്നവരിൽ ഒരാൾ തങ്ങൾക്ക് ചേരുന്ന തലപ്പാവും മേല്മുണ്ടും ധരിച്ച് വില്ലുവണ്ടിയിൽ രാജവീഥിയിലൂടെ സഞ്ചരിക്കുന്നത് അവരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവേല്പ്പിച്ചിരുന്നു.

ഒടുവിൽ വെല്ലുവിളികളെ അതിജീവിച്ച് വില്ലുവണ്ടി തെക്കേവിളയിൽ എത്തിനിന്നു. അയാൾ ഓടിച്ച ആ വില്ലുവണ്ടി കേവലം രാജവീഥിയിലൂടെയായിരുന്നില്ല, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്കുകൂടിയായിരുന്നു ഓടിക്കയറിയത്. വില്ലുവണ്ടി ഓടിച്ച വ്യക്തി ചരിത്രത്തിൽ അയ്യൻകാളി എന്ന പേരിൽ അറിയപ്പെട്ടു. പതിറ്റാണ്ടുകളായി പുലയ വിഭാഗത്തിൽപ്പെട്ട തങ്ങളുടെ സമുദായം നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരേയായിരുന്നു അയാളുടെ പ്രതിഷേധം. സവർണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട്, അധഃസ്ഥിതന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനായി ഇറങ്ങിപ്പുറപ്പെട്ട ‘അയ്യൻകാളി’ തുടർന്നുള്ള നാലരപ്പതിറ്റാണ്ടുകാലത്തോളം അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ പടനായകനായി മാറി.
രാജഭരണത്തിന് സാക്ഷ്യംവഹിച്ച അനന്തപുരിയുടെ വിരിമാറിലൂടെയാണ് കിഴക്കേക്കോട്ട മുതൽ പദ്മനാഭപുരം കൊട്ടാരം വരെ നീളുന്ന രാജപാതയുള്ളത്. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത നടുവിൽ പദ്മനാഭപുരം കൊട്ടാരത്തിന് അഭിമുഖമായി വെള്ളയമ്പലത്ത് അയ്യൻകാാളിയുടെ പ്രതിമയും ഇന്ന് ഇടംപിടിച്ചിട്ടുണ്ട്. ഇന്നിവിടം അയ്യൻകാളി സ്ക്വയർ എന്നാണറിയപ്പെടുന്നത്. വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്ക് മുന്നിൽനിന്ന് വെങ്ങാനൂരിലേക്കായിരുന്നു യാത്ര… ചരിത്രത്തിൽ ഇടംപിടിച്ചും ചിലപ്പോഴെങ്കിലും സൗകര്യപൂർവമായ മറവികളിലും ആണ്ടുപോയ അയ്യൻകാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിലേക്ക്. തിരുവനന്തപുരം നഗരത്തിൽനിന്ന് 21 കി.മീ. മാറിയുള്ള സുന്ദരഗ്രാമമാണ് വെങ്ങാനൂർ.

വെങ്ങാനൂരിലെ ഫലപുഷ്ടിയുള്ള മണ്ണിൽ എല്ലുമുറിയെ പണിയെടുത്തിട്ടും ഒരുവിഭാഗം ആളുകൾക്ക് അന്ന് വയറുനിറഞ്ഞിരുന്നില്ല. കാരണം, അവർക്ക് സ്വന്തമായി ഭൂമിയില്ലായിരുന്നു. കൊടികുത്തിവാണ ജന്മി-ഭൂപ്രഭുക്കൾ പിന്നാക്കക്കാർക്ക് ഭൂസ്വത്തുക്കൾ നേടാൻ അനുവദിച്ചിരുന്നില്ല. അടിയാളർ സ്വത്തിന് ഉടമയായാൽ തങ്ങളോടുള്ള വിധേയത്വം കുറഞ്ഞുപോകുമോയെന്ന ശങ്ക അവർക്കുണ്ടായിരുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനം രൂപംകൊള്ളുന്ന ചരിത്രസന്ധികൾക്കും മുൻപേയായിരുന്നു വെങ്ങാനൂർ എന്ന കാർഷികഗ്രാമത്തിൽ അയ്യൻകാളി പിറന്നുവീണത്.

