മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റ കീഴിലുള്ള സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഈ വർഷം ശാസ്ത്രജ്ഞയും ‘അഗ്നിപുത്രി’ എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസിന് സമ്മാനിക്കുമെന്ന് ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.

അവാർഡ് നവംബർ 30ന് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സമൂഹത്തിന്റെ ഉന്നമനത്തിനും ശാസ്ത്രവികസനത്തിനും ഡോ. ടെസ്സി തോമസ് നൽകിയ സംഭാവനകൾ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസിന്റെ ദർശനങ്ങളുമായി ചേർന്ന് നിൽക്കുന്നതായതിനാലാണ്,ഈ വർഷത്തെ അവാർഡിന് അവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

