ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായാണ് ആനന്ദബോസിന്റെ രാജി. ഡൽഹിയിലെത്തിയ അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

മൂന്നര വർഷത്തെ സേവനത്തിന് ശേഷം താൻ പദവി ഒഴിയുകയാണെന്നും ഗവർണർ എന്ന നിലയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്നും രാജിക്ക് പിന്നാലെ അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. 2022 നവംബറിലാണ് അദ്ദേഹം ബംഗാൾ ഗവർണറായി ചുമതലയേറ്റത്.
പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിന്റെ പെട്ടെന്നുള്ള രാജിവാർത്ത തന്നെ ഞെട്ടിക്കുകയും അതീവ ആശങ്കയിലാഴ്ത്തുകയും ചെയ്തതായി മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ രാജിയുടെ പിന്നിലെ കാരണങ്ങൾ നിലവിൽ തനിക്ക് അജ്ഞാതമാണ്.

എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്ന് ഗവർണർക്ക് മേൽ സമ്മർദമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ താൻ അത്ഭുതപ്പെടില്ലെന്ന് മമത പറഞ്ഞു.

മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ സി.വി.ആനന്ദ ബോസ് 2022 നവംബർ 23-നാണ് പശ്ചിമ ബംഗാൾ ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 1977 ബാച്ചിലെ കേരള കേഡർ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2011-ൽ സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് കൊൽക്കത്തയിലെ നാഷണൽ മ്യൂസിയം അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ വ്യക്തിയാണ് ബോസ്. മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ചരിത്രത്തിലെ ആദ്യത്തെ ഫെല്ലോ കൂടിയാണ് അദ്ദേഹം. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ഉപന്യാസങ്ങൾ എന്നിവയുൾപ്പെടെ 9 ഭാഷകളിലായി 70 പുസ്തകങ്ങൾ അടക്കം 350-ഓളം പ്രസിദ്ധീകരണങ്ങൾ ബോസിന്റേതായി പുറത്തുവന്നിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പി.കെ.വാസുദേവൻ നായരുടെയും മുൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായിരുന്ന സി.പദ്മാവതി അമ്മയുടെയും മകനായി 1951 ജനുവരി 2-ന് കോട്ടയം ജില്ലയിലെ മന്നാനത്താണ് ബോസ് ജനിച്ചത്.
